മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഗോൾ നേടിയതിന് പിന്നാലെ റെക്കോഡ് കുറിച്ച് പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രനേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. മത്സരത്തില്‍ ഗോള്‍ നേടിയ റോണോ പോര്‍ച്ചുഗലിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ പ്രായം 40 വര്‍ഷവും 123 ദിവസവുമാണ്. കോംഗോ താരം പിയറി കലാലയുടെ റെക്കോഡാണ് പോര്‍ച്ചുഗീസ് നായകന്‍ മറികടന്നത്. 1968 ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ പിയറിയുടെ പ്രായം 37 വയസ്സായിരുന്നു. 40 വയസിന് ശേഷം ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ താരമായും റോണോ മാറി.
ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ സ്‌പെയിനിനെ കീഴടക്കുന്നത്. നിശ്ചിതസമയത്തും അധികസമയത്തും മത്സരം സമനിലപാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. നായകനായി ഒരിക്കല്‍ കൂടി കപ്പുയര്‍ത്താനായത് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ കരിയറില്‍ പൊന്‍തൂവലാണ്. മൂന്നാം തവണയാണ് പോര്‍ച്ചുഗല്‍ റോണോയ്ക്ക് കീഴില്‍ കിരീടം നേടുന്നത്. 2016 യൂറോ കപ്പും 2019 യുവേഫ നേഷന്‍സ് ലീഗുമാണ് ഇതിന് മുമ്പ് നേടിയ കിരീടങ്ങള്‍.