മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്തത് ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. തിയേറ്ററിനുള്ളിലെ മോഹൻലാൽ ആരാധകരുടെ ആവേശം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ മമ്മൂട്ടി ആരാധകർ ഒരു ഹിറ്റ് ചിത്രത്തിന്‍റെ റീ റിലീസിന് വേണ്ടി ആവശ്യപ്പെടുകയാണ്.
അന്‍വര്‍ റഷീദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രാജമാണിക്യം എന്ന ചിത്രമാണ് അത്. അന്‍വറിന്‍റെ ആദ്യ ചിത്രമാണ് രാജമാണിക്യം. ബെല്ലാരി രാജ എന്ന കഥാപാത്രമായാണ് സിനിമയിൽ മമ്മൂട്ടി എത്തിയത്. മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാംഗും ചിത്രത്തിലെ കോമഡി രംഗങ്ങളും സ്റ്റൈലുമൊക്കെ വലിയ ജനപ്രീതിയാണ് നേടിയത്. ടി എ ഷാഹിദ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ റഹ്‍മാന്‍, മനോജ് കെ ജയന്‍, ഭീമന്‍ രഘു, സായ് കുമാര്‍, കൊച്ചിന്‍ ഹനീഫ, പദ്‍മപ്രിയ തുടങ്ങി വലിയ താരനിരയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.