തൃശ്ശൂര്‍: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെയും അമ്മ മറിയ കാർമ്മലിനും ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിതാവിന്റെ മരണത്തിലുള്ള ദുഃഖം പങ്കുവച്ച താരം ഷൈനിന്റെ ചികിത്സാകാര്യങ്ങളും സുരേഷ് ഗോപി തിരക്കി. ഷൈന്റെ പരിക്ക് ഗൗരവമല്ലെന്ന് സുരേഷ് ഗോപി അറിയിച്ചു. ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂ. പിതാവ് ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമാകും ഷൈനിന്റെ സർജറിയെന്നും സഹോദരിമാർ ഇന്ന് രാത്രി എത്തിച്ചേരുമെന്നും സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് രാവിലെ തൃശൂർ സൺ ആശുപത്രിയിൽ എത്തിയാണ് സുരേഷ് ഗോപി ഷൈനിനെ കണ്ടത്. വിദഗ്ധ ചികിത്സയ്ക്കായി ഷൈൻ ടോം ചാക്കോയെയും അമ്മ മരിയയെയും ഇന്നലെ തൃശൂർ സൺ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇരുവരെയും പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. അപകടത്തിൽ ഷൈനിന്റെ പിതാവ് സി പി ചാക്കോ (70) മരിച്ചിരുന്നു. ചാക്കോയുടെ മൃതദേഹവും ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് തൃശ്ശൂർ മുണ്ടൂർ കർമല മാതാ പള്ളിയിലാണ് ചാക്കോയുടെ സംസ്കാരം. ഞായറാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനം ഉണ്ടാകുമെന്നും ബന്ധുക്കൾ അറിയിച്ചു.
ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധർമപുരിക്കടുത്ത് നല്ലംപള്ളിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഷൈനും കുടുംബവും ബെംഗളൂരുവിലേക്ക് പോയത്.