ജോലിയില്ലെങ്കിലും ശമ്പളം കൃത്യമായി തന്നാൽ മതിയെന്ന് പറയുന്നവരുണ്ട്. എന്നാൽ ശമ്പളം കിട്ടിയില്ലെങ്കിലും ജോലി തരൂ എന്ന് പറഞ്ഞ ഒരു ഇന്ത്യൻ യുവതി ഓൺലൈനിൽ ചർച്ചയായിരിക്കുകയാണ്. യുകെയിലെ ലെയ്സെസ്റ്റർ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദാനന്തര ബിരുദം നേടിയ ശ്വേത കൊതണ്ഡനാണ് ലിങ്ക്ഡ്ഇനിൽ ഇത്തരം വിചിത്രമായൊരു അപേക്ഷ പങ്കുവെച്ചത്.
ഒട്ടേറെ സ്വപ്നങ്ങളുമായി 2021 ൽ യുകെയിൽ എത്തിയതാണ് ശ്വേത. 2022 ൽ ബിരുദം നേടിയ ശ്വേത യുകെയിൽ തന്നെ വിസയോടുകൂടിയ ജോലിക്കായി ശ്രമിക്കുകയായിരുന്നു. എന്നാൽ ഒരു ജോലിയും കിട്ടിയില്ല. ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്ന യുവതി യുകെയിൽ തുടരാൻ വേണ്ടിയാണ് ശമ്പളമില്ലെങ്കിലും ജോലി ചെയ്യാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചത്. ഒരുമാസം ശമ്പളമില്ലാതെ ജോലി ചെയ്യാൻ തയ്യാറാണെന്നും തന്റെ ജോലിയിൽ അതൃപ്തിയുണ്ടെങ്കിൽ യാതൊരു മുന്നറിയിപ്പോ നഷ്ടപരിഹാരമോ ഇല്ലാതെ പിരിച്ചുവിടാമെന്നും ആഴ്ചയിൽ അവധിയെടുക്കാതെ അധികസമയം ജോലി ചെയ്യാമെന്നും ശ്വേത പറയുന്നു. മൂന്ന് മാസത്തിനുള്ളിൽ ഗ്രാജ്വേറ്റ് വിസ തീരുന്നതോടെ യുകെയിൽ തുടരാൻ ശ്വേത കണ്ടെത്തിയ മാർഗമാണിത്.
എന്റെ ബിരുദത്തിനോ കഴിവുകൾക്കോ എനിക്കോ യാതൊരു വിലയും തൊഴിൽ വിപണിയിലില്ലെന്നാണ് തോന്നുന്നത്. 300 ലേറെ ജോലികൾക്ക് അപേക്ഷിച്ചിട്ടുണ്ട്. കയ്യിലെണ്ണാവുന്ന പ്രതികരണങ്ങൾ മാത്രം ലഭിച്ചു. യുകെയിൽ ദീർഘകാല ഭാവി ഉറപ്പുവരുത്താനുള്ള അവസാന അവസരമാണ് ലിങ്ക്ഡ്ഇനിലെ പോസ്റ്റെന്ന് ശ്വേത പറയുന്നു