സുഹൃത്തുക്കളോട് ബെറ്റ് വെച്ച് കത്തിച്ച പടക്കത്തിന് മേലെയുള്ള ബക്കറ്റിലിരുന്ന 32കാരന് ദാരുണാന്ത്യം. ദീപാവലിയോട് അനുബന്ധിച്ച് ബെംഗളുരുവിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളുമായി ബെറ്റ് വെച്ചതിനെത്തുടര്‍ന്നാണ് ശബരീഷ് എന്ന 32കാരന്‍ പടക്കങ്ങള്‍ നിറച്ച ബക്കറ്റിന് മേലെ കയറിയിരുന്നത്. ഇതിനു മുകളിലിരിക്കുന്നവര്‍ക്ക് ഒരു ഓട്ടോറിക്ഷ സമ്മാനമായി നല്‍കുമെന്നായിരുന്നു സുഹൃത്തുക്കളുടെ വാഗ്ദാനം.എന്നാല്‍ പടക്കങ്ങള്‍ പൊട്ടിയതോടെ ശബരീഷിന് അടിവയറ്റിലും മറ്റും പരിക്കേല്‍ക്കുകയായിരുന്നു. ദിവസവേതനത്തൊഴിലാളിയാണ് ശബരീഷ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.ബെംഗളുരുവിലെ കൊണാനകുന്തെയിലെ തെരുവിലാണ് സുഹൃത്തുക്കള്‍ ദീപാവലി ആഘോഷിക്കാനായി എത്തിയത്. കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായി ശബരീഷ് കത്തിച്ച പടക്കങ്ങള്‍ നിറച്ച ബക്കറ്റിന്റെ മുകളില്‍ കയറിയിരിക്കുന്നത് വീഡിയോയില്‍ കാണാം.അല്‍പ്പസമയത്തിന് ശേഷം പടക്കങ്ങള്‍ പൊട്ടിത്തെറിക്കുകയും ശബരീഷ് പുറകിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തു. ഉടനെ കൂട്ടുകാര്‍ ശബരീഷിന് ചുറ്റും ഓടിക്കൂടി. ഉടനെ തന്നെ ശബരീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ശബരീഷ് മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.’’ ഒക്ടോബര്‍ 31നാണ് ഏഴുപേരടങ്ങിയ സംഘം കത്തിച്ച പടക്കങ്ങള്‍ നിറച്ച ബക്കറ്റിന് മേലെയിരിക്കാന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര് തയ്യാറാകുമെന്ന വെല്ലുവിളിയുമായി എത്തിയത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു,’’ എന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ലോകേഷ് ജഗലാസര്‍ പറഞ്ഞു.സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ’ എത്ര ബുദ്ധിശൂന്യമായാണ് പെരുമാറുന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം,’’ എന്നൊരാള്‍ എക്‌സില്‍ കുറിച്ചു.