താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻറായി മോഹൻലാൽ തുടരും. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചു. എന്നാൽ രാജിവച്ച സിദ്ദീഖിന് പകരം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയൊരാളെ തെരഞ്ഞെടുക്കും. ഈ മാസം 22നാണ് അമ്മ ജനറൽബോഡി കൊച്ചിയിൽ നടക്കുക.ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ് രാജിവച്ചതോടെയാണ് താര സംഘടനയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടർന്ന് അമ്മ ഭാരവാഹികൾ ഒന്നടങ്കം രാജിവെച്ചിരുന്നു. മോഹൻലാൽ പ്രസിഡൻ്റായ കമ്മിറ്റി രാജിവെച്ചെങ്കിലും അഡ്ഹോക്ക് കമ്മിറ്റിയായി തുടരുകയാണ്. അതിനിടയാണ് ഈ മാസം 22ന് ജനറൽബോഡിയോഗം ചേർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ സംഘടന ഒരുങ്ങുന്നത്. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ അഡ്ഹോക്ക് കമ്മിറ്റിയെ അറിയിച്ചു. എന്നാൽ മത്സരം ഉണ്ടായാൽ പിന്മാറും എന്നതാണ് മോഹൻലാലിന്റെ നിലപാട്. അതേസമയം രാജിവച്ച സിദ്ദീഖിന് പകരം പുതിയൊരാളെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ടെത്തേണ്ടിവരും. ഈ മാസം ഇരുപത്തി രണ്ടിന് ചേരുന്ന ജനറൽബോഡിയോഗത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുമോ എന്ന് ആകാംക്ഷയിലാണ് മറ്റ് താരങ്ങൾ. മത്സരം ഉണ്ടായില്ലെങ്കിൽ നിലവിലുള്ള അഡ്ഹോക്ക് കമ്മറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയായി മാറി പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കും.