പൊന്നാനി: പൊന്നാനി നഗരസഭയിലെ ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന ആറു മുതൽ പത്ത് വരെയുള്ള വാർഡുകളിൽ എല്ലാ മഴക്കാലത്തും വീടിനകത്ത് വെള്ളം കയറുകയും,പുറത്തിറങ്ങുവാൻ പറ്റാത്ത വിധം റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടും പത്തുവർഷം തുടർഭരണം നടത്തിയ പൊന്നാനി നഗരസഭ ഭരണ സമിതി ജനങ്ങൾക്കുണ്ടായിട്ടുള്ള വെള്ളക്കെട്ട് ദുരിതത്തിന് സ്വീകരിച്ച പരിഹാര നടപടികൾ എന്താണെന്ന് ജനങ്ങളോട് തുറന്നുപറയണമെന്ന് ഈഴുവത്തിരുത്തി മേഖലാ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.നഗരസഭയിലെ രണ്ടു മുതൽ അഞ്ചു വരെയുള്ള വാർഡുകളിലെ മഴവെള്ളം ഭാരതപ്പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ആറു മുതൽ 10 വരെയുള്ള മഴവെള്ളം കിലോമീറ്റർ ചുറ്റി ദേശീയപാതയ്ക്ക് അടിയിലൂടെ ബിയ്യം കായലിലാണ് എത്തുന്നത്. സി ഹരിദാസ് നഗരസഭ ചെയർമാനായിരുന്നപ്പോൾ വിദഗ്ധ സംഘത്തെ ഉപയോഗിച്ച് സംയുക്ത ഡ്രൈനേജ് നിർമ്മാണം നടത്തി ഭാരതപ്പുഴയിലേക്ക് മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള തീരുമാനമെടുത്തെങ്കിലും പിന്നീട് വന്ന ഭരണസമിതി സംയുക്ത ഡ്രയിനേജ് നിർമ്മാണ പദ്ധതി നടപ്പിലാക്കാത്തതാണ് ജനങ്ങൾക്കുണ്ടാകുന്ന വെള്ളക്കെട്ട് ദുരിതത്തിന് കാരണമായത്.പൊന്നാനി നഗരസഭയിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന വെള്ളക്കെട്ടുള്ള വാർഡുകളിലെ മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതിന് സംയുക്ത ഡ്രൈനേജ് നിർമ്മാണം നടത്തുവാൻ നഗരസഭാ ഫണ്ടും, എംപി ഫണ്ടും ഉപയോഗിക്കുവാൻ കോൺഗ്രസ് യോഗത്തിൽ തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ അധ്യക്ഷ വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ എം അബ്ദുല്ലത്തീഫ്,പി രഞ്ജിത്ത്, കെ ശശികുമാർ, സക്കീർ കടവ് ,കെ എം റഹീം എന്നിവർ പങ്കെടുത്തു സംസാരിച്ചു.