ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കേരളത്തിലുൾപ്പെടെ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷ സമയത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ജൂൺ മാസത്തിലും കൂടുതൽ മഴ ലഭിക്കുമെന്നും ഇത് ദീർഘകാല ശരാശരിയുടെ 108 ശതമാനമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇത്തവണ കാലവർഷത്തിൽ ദീർഘകാല ശരാശരിയുടെ 105 ശതമാനം മഴ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നേരത്തേയുള്ള പ്രവചനം. എന്നാൽ, പുതിയ പ്രവചനമനുസരിച്ച് ഇത് 106 ശതമാനമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ദീർഘകാല ശരാശരിയുടെ 106 ശതമാനം മഴ ലഭിക്കുന്നത് ‘സാധാരണയിൽ കൂടുതൽ’ ആയാണ് കണക്കാക്കുന്നത്.
അതേസമയം, രാജ്യത്തെ വിവിധഭാഗങ്ങളിൽ മഴയുടെ തോത് വ്യത്യസ്തമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജൂണിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുന്നതിനാൽ ജൂൺ മാസത്തിൽ ഉഷ്ണതരംഗ ദിവസങ്ങൾ സാധാരണയിലും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ ഡോ. എം. മോഹപാത്രയും പറഞ്ഞു.
ഇത്തവണ എട്ടുദിവസം മുൻപേ കേരളത്തിൽ കാലവർഷമെത്തിയിരുന്നു. മേയ് 24-നാണ് കേരളത്തിൽ ഇത്തവണ കാലവർഷമെത്തിയത്. 16 കൊല്ലത്തിനിടെ ഇതാദ്യമായിട്ടായിരുന്നു കേരളത്തിൽ കാലവർഷം ഇത്ര നേരത്തെയെത്തിയത്. സാധാരണയായി ജൂൺ ഒന്നാം തീയതിയാണ് കേരളത്തിൽ കാലവർഷമെത്താറുള്ളത്