സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന് ഔദ്യോഗിക തുടക്കം. സൂര്യ 46 എന്ന് താത്ക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം തെലുങ്ക് ഹിറ്റ്മേക്കർ വെങ്കി അറ്റ്ലൂരിയാണ് സംവിധാനം ചെയ്യുന്നത്. സിതാര എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക.ഹൈദരാബാദിൽവെച്ചായിരുന്നു സൂര്യ 46-ന്റെ പൂജ ചടങ്ങുകൾ നടന്നത്. ദുൽഖർ സൽമാൻ നായകനായ ‘ലക്കി ഭാസ്‌കര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കും.നേരത്തെ സൂര്യയെ നായകനാക്കി ബാല പ്രഖ്യാപിച്ച ചിത്രമായ ‘വണങ്കാനിൽ’ മമിതയും ഒരു പ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് തിരക്കഥയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സൂര്യ ചിത്രത്തിൽ നിന്നും പിന്മാറി. പിന്നാലെ മമിതയും ആ സിനിമ ഉപേക്ഷിച്ചു. തുടർന്ന് അരുൺ വിജയ് ആണ് സൂര്യയുടെ വേഷം ചെയ്തത്. നായികയായി റിധയും എത്തി. സൂര്യ തന്റെ എക്കാലത്തെയും ഇഷ്ടതാരമാണെന്നും സൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്നത് ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും മമിത പറഞ്ഞിട്ടുണ്ട്.‘റെബല്‍’ എന്ന തമിഴ് ചിത്രമായിരുന്നു മമിതയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ജി.വി. പ്രകാശ് കുമാര്‍ നായകനായി എത്തിയ സിനിമ ബോക്സോഫീസിൽ പരാജമായിരുന്നു. വിജയ് നായകനാവുന്ന ജനനായകൻ, രാക്ഷസൻ ടീം വീണ്ടും ഒരുമിക്കുന്ന ഇരണ്ടുവാനം, പ്രദീപ് രംഗനാഥൻ നായകനാവുന്ന ഡ്യൂഡ് എന്നിവയാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.











