ലാ ലിഗയില്‍ ചാംപ്യന്മാരായ ബാഴ്‌സലോണയ്‌ക്കെതിരെ വിജയം സ്വന്തമാക്കി വിയ്യാറയല്‍. രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് വിയ്യാറയല്‍ സ്വന്തമാക്കിയത്. ലാ ലിഗ ചാംപ്യന്മാരായതിന് ശേഷം ബാഴ്‌സലോണയുടെ ആദ്യ ലീഗ് പരാജയമാണിത്. അതേസമയം ബാഴ്‌സയ്‌ക്കെതിരായ വിജയത്തോടെ വിയ്യായല്‍ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം ഉറപ്പാക്കി.ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന പോരാട്ടത്തിന്റെ തുടക്കത്തില്‍ തന്നെ വിയ്യാറയല്‍ വലകുലുക്കി.
നാലാം മിനിറ്റില്‍ തന്നെ അയോസ് പെരസായിരുന്നു വിയ്യറയലിനെ മുന്നിലെത്തിച്ചത്. 38-ാം മിനിറ്റില്‍ മികച്ച സ്‌ട്രൈക്കിലൂടെ ലാമിന്‍ യമാല്‍ ബാഴ്‌സയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ ഫെര്‍മിന്‍ ലോപ്പസിലൂടെ ബാഴ്‌സ മുന്നിലെത്തുകയും ചെയ്തു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിയ്യാറയല്‍ ഒപ്പമെത്തി. 50-ാം മിനിറ്റില്‍ സാന്റി കോമസാനയായിരുന്നു വിയ്യാറയലിന്റെ സമനില ഗോള്‍ നേടിയത്. 80-ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറീനോയുടെ ക്രോസില്‍ നിന്ന് കനേഡിയന്‍ താരം ടാജോണ്‍ ബുക്കാനന്‍ വിജയഗോള്‍ നേടി.