തിരുവനന്തപുരം: കോട്ടയം – നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ചു കൊണ്ട് ദക്ഷിണ റെയില്‍വേ ഉത്തരവായി. ഈ മാസം 22-ന് ഇത് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി. വണ്ടൂരില്‍ വിളിച്ചുചേര്‍ത്ത റെയില്‍വേ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. ഇതോടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്.12 കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിന്‍ ഇനി മുതല്‍ 14 കോച്ചുകളായിട്ടാകും സര്‍വീസ് നടത്തുക. എക്‌സ്പ്രസ് ട്രെയിന്‍ എന്ന് പേരുണ്ടെങ്കിലും റിസേര്‍വഷന്‍ കോച്ചുകള്‍ ഇല്ലാത്തത് മുന്‍കൂട്ടി റിസര്‍വ് ചെയ്ത് യാത്ര ഉറപ്പിക്കാനും വിനോദസഞ്ചാരികളും എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ ട്രെയിനിന് റിസര്‍വേഷന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ട നടപടികള്‍ക്ക് ശ്രമിക്കുമെന്നും എം.പി. അറിയിച്ചു.ട്രെയിനിന് അധിക കോച്ചുകള്‍ വേണമെന്ന് മേയ് അഞ്ചിന് ചേര്‍ന്ന യോഗത്തില്‍ പ്രിയങ്ക ഗാന്ധി ആവശ്യമുന്നയിക്കുകയും ഉന്നതതലത്തില്‍ ഇതിനായി ഇടപെടല്‍ നടത്തുമെന്നും ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.










