രാജ്യത്തിന്റെ അഭിമാനതാരമായ ഒളിംപ്യന്‍ നീരജ് ചോപ്രയെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്‍റ് കേണലായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ മന്ത്രാലയത്തിലെ സൈനിക കാര്യ വിഭാഗമാണ് മേയ് 13ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിയാനയിലെ ഖാന്ദ്ര സ്വദേശിയായ ജാവലിന്‍ പ്രതിഭ രാജ്യത്തിനായി രണ്ടുവട്ടമാണ് ഒളിംപിക് മെഡല്‍ നേടിയത്. 2020 ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണവും 2024 പാരിസില്‍ വെള്ളിയും. സൈന്യത്തില്‍ സുബേദാര്‍ മേജറായ ചോപ്ര ഈ വര്‍ഷം വിരമിക്കാനിരിക്കെയാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ ആദരം. 2025 ഏപ്രില്‍ 16 മുതല്‍ ലഫ്റ്റന്‍റ് കേണലായി നിയമിച്ചിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. 1949 ഒക്ടോബര്‍ ഒന്‍പതിനാണ് ടെറിട്ടോറിയല്‍ ആര്‍മി നിലവില്‍ വന്നത്. ഇന്ത്യന്‍ സൈന്യത്തോട് ചേര്‍ന്നാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെയും പ്രവര്‍ത്തനം. രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളിലും യുദ്ധ–സംഘര്‍ഷകാലത്തും ടെറിട്ടോറിയല്‍ ആര്‍മിയുടെ സേവനം സൈന്യം പ്രയോജനപ്പെടുത്താറുണ്ട്. നിലവിൽ അരലക്ഷത്തിലേറെ അംഗങ്ങളുള്ള സേന അതിർത്തി മേഖലകളിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കരസേനയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നുണ്ട്. ഡിപ്പാർട്‌മെന്റൽ, നോൺ ഡിപ്പാർട്ട്‌മെന്റൽ വിഭാഗങ്ങളിലായി 65 യൂണിറ്റുകളായാണ് പ്രവർത്തനം. ആർമിയിൽനിന്ന് നിയോഗിക്കപ്പെടുന്ന ലഫ്‌റ്റനന്റ് ജനറൽ റാങ്കിലുള്ള ഡയറക്ടർ ജനറലാണ് സേനയുടെ മേധാവി. ആർമിയുടേതിനു തുല്യമായ റാങ്ക് സംവിധാനമുള്ള സേനയിൽ ഓഫിസർമാരായും ജവാൻമാരായും അപേക്ഷിക്കാനുള്ള പ്രായപരിധി 18- 42 വയസ്സാണ്. സേനയിൽ അംഗമായവർ വർഷത്തിൽ രണ്ടുമാസം സേവനം ചെയ്യണമെന്ന് നിര്‍ബന്ധവുമുണ്ട്. മോഹന്‍ലാലും കായികതാരം എംഎസ് ധോണിയും ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാണ്.