വാഹനം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചതായി റാക് പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. ചെറിയ വഴിയിലൂടെ വാഹനം പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ഉടലെടുത്തത്. വാഗ്വാദത്തിനിടയില്‍ സ്ത്രീകൾക്ക് നേരെ പ്രതി വെടിയുതിര്‍ക്കുകയും ഇത് മരണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
ജനവാസ മേഖലയില്‍ വെടിവെപ്പ് നടക്കുന്നതായ വിവരം ഓപറേഷന്‍ റൂമില്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ സർവ സന്നാഹങ്ങളുമായി പൊലിസ് സേന സംഭവ സ്ഥലത്തത്തെി. ഉടൻ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും മേല്‍ നടപടി സ്വീകരിക്കുകയും ചെയ്തു. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ സ്ത്രീകളെ ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അന്വേഷണത്തിൽ പ്രതിയില്‍ നിന്ന് തോക്ക് പിടിച്ചെടുക്കുകയും മേല്‍നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റാക് പൊലീസ് സ്ഥിരീകരിച്ചു.
സമൂഹ സുരക്ഷക്ക് ഭംഗം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. തര്‍ക്കം ഒഴിവാക്കണമെന്നും ഏത് വിഷയങ്ങളിലും സംയമനം പാലിക്കണമെന്നും റാക് പൊലീസ് പൊതു സമൂഹത്തോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു







