ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ സിനിമ ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വലിയ കളക്ഷനാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം സിനിമയുടെ പൂജ ചടങ്ങുകൾ പൂർത്തിയായിരിക്കുകയാണ്.
ഇന്ന് കൊച്ചിയിൽ വെച്ചാണ് സിനിമയുടെ പൂജ ചടങ്ങുകൾ നടന്നത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടന്മാരായ ജയസൂര്യ, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ, സൈജു കുറുപ്പ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതാരായിരുന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഈ മാസം 15 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നും മിഥുൻ മാനുവൽ തോമസ് അറിയിച്ചു. ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 ഒരുങ്ങുക എന്നും അദ്ദേഹം അറിയിച്ചു. ‘എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസ്സിൽ വരുന്നത്.
അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3. എന്റെ കരിയറിലെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇത്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. ഈ സിനിമയുടെ സി ജി വർക്കുകൾ തീരുമെന്ന് കരുതിയാണ് ഞാൻ റിലീസിനെക്കുറിച്ച് പറയുന്നത്. ഇനി അത് മാറിയാൽ ഒന്നും വിചാരിക്കരുത്. അത്രത്തോളം സിജി ഒക്കെ വരുന്ന സിനിമയാണ്,’ എന്നും മിഥുൻ പറഞ്ഞു.
മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയിൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്.