സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’. മമ്മൂട്ടി നായകനായ സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. തിയേറ്ററുകളിൽ ഡൊമിനിക്കിന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ജനുവരി 23 ന് റിലീസായ സിനിമ മാർച്ചിൽ ചിത്രം ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ ഒടിടിയിലും എത്തിയിട്ടില്ല.
പിന്നീട് ഏപ്രിലിൽ ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ചിത്രം മെയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം. ജിയോ ഹോട്സ്റ്റാറിലോ ആമസോൺ പ്രൈം വീഡിയോയിലോ ആകും സ്ട്രമീംഗ് എന്നാണ് റിപ്പോർട്ട്. ഡൊമനിക്കിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്തായാലും ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.
മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടി രൂപയാണ് മമ്മൂട്ടി പടത്തിന്റെ നിർമാണ ചെലവ്.











