ആലപ്പുഴ:ഡിവൈഎസ്പിയുടെ വാഹനമിടിച്ചു കാൽനട യാത്രികൻ മരിച്ചത് ഇടിയുടെ ആഘാതത്തിൽ ഹൃദയധമനി പൊട്ടിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഡ്രൈവർ മനീഷ് മനോഹറിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ഇരവുകാട് ചേന്നംങ്കരി കൈനകരി ഈസ്റ്റ് സരിതാ ഭവനത്തിൽ സി.പി.സിദ്ധാർഥനാണ് (64) മരിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് 12ന് വലിയ ചുടുകാട്ടിൽ സംസ്കരിക്കും. ദേശീയപാതയിൽ ചങ്ങനാശേരി ജംക്‌ഷന് വടക്ക് കളർകോട് എസ്ബിഐ ശാഖയുടെ മുന്നിലായിരുന്നു അപകടം. സിദ്ധാർഥൻ ദേശീയപാത കുറുകെ കടക്കുന്നതിനിടെ ആലപ്പുഴ ഭാഗത്തേക്ക് വന്ന ജീപ്പ് ഇടിക്കുകയായിരുന്നു.
ഡ്രൈവറെ കൂടാതെ ഡിവൈഎസ്പി എ.എൻ.രാജേഷും ജീപ്പിൽ ഉണ്ടായിരുന്നു. സിദ്ധാർഥൻ ചേന്നംങ്കരി ആൻഡ് വേണാട്ടുകാട് ബോട്ട് ക്ലബ് ഒന്നാം തുഴക്കാരനും ഇന്ത്യൻ ഡ്രാഗൺ ബോട്ട് ടീം അംഗവുമായിരുന്നു.







