പാലക്കാട്: റെയിൽവേ ട്രാക്കിൽ മരക്കഷ്ണം നിരത്തി ട്രെയിൻ അട്ടിമറിക്ക് ശ്രമിച്ച് യുവാവ് പൊലീസ് പിടിയിലായി. ഒറീസ സ്വദേശി ബിന്ദാമാലിക്(22) ആണ് പൊലീസിനറെ പിടിയിലായത്. സമീപത്തെ ക്രഷ൪ യൂണിറ്റിലെ അതിഥി തൊഴിലാണിയാൾ. കന്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റിലെ ലോക്കോ പൈലറ്റ്, ഇയാൾ ട്രാക്കിൽ തടിക്കഷണം വക്കുന്നത് കണ്ട് ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി. ഈ ഭാഗത്ത് ആനത്താര ഉള്ളതിനാലും ട്രെയിന് വേഗത നിയന്ത്രണം ഉണ്ടായിരുന്നതും അപകട സാധ്യത കുറച്ചു. കൂടാതെ പാലക്കാട് സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ട് അധിക ദൂരം കഴിയാത്തിതിനാൽ ട്രെയിനിന് വേഗത കുറവായിരുന്നു. വെള്ളിയാഴ്ച രാവിലെ നാലു മണിയോടെ മലമ്പുഴ പന്നിമടയിൽ കൊട്ടെക്കാടിന് സമീപമാണ് സംഭവമുണ്ടായത്. ഫോണിലൂടെ കാമുകിയുമായി സംസാരിച്ച് പിണങ്ങിയതോടെയാണ് യുവാവ് ഈ കൃത്യത്യത്തിന് മുതിർന്നതെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് കാമുകിയെ വിളിച്ച് സംസാരിക്കുന്നതിനിടെ പിണങ്ങിയപ്പോൾ ട്രെയിൻ അട്ടിമറിക്കുമെന്ന് യുവാവ് ഭീഷണി മുഴക്കി. വീഡിയോ കോൾ വിളിച്ച് ദൃശ്യങ്ങളടക്കം കാണിക്കാനുള്ള ശ്രമവും നടത്തി. ഇതെത്തുടർന്ന് 2 തവണയാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. കന്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ്, ഗുഡ്സ് ട്രെയിൻ എന്നിവയാണ് അപകടത്തിൽ നിന്ന് ഒഴിവായ ട്രെയിനുകൾ.