എറണാകുളം: കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനെന്ന് പിടിയിലായ ഓവർസിയർ സ്വപ്ന മൊഴി നൽകി. ഇവരുടെ കൈക്കൂലി മാസ വരുമാനം മൂന്നു ലക്ഷം രൂപയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എൻജിനിയറിങ് കൺസൾട്ടൻസി സ്ഥാപന ഉടമയിൽനിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊച്ചി കോർപ്പറേഷനിലെ വനിത ഓവർസിയർ തൃശ്ശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി സ്വപ്നയെ വിജിലൻസ് പിടികൂടിയത്.
കൈക്കൂലി പണം ഉപയോഗിച്ച് വീടും സ്ഥലവും വാങ്ങിച്ചതായി വിജിലൻസ് കണ്ടെത്തി. ബിൽഡിംഗ് ഇൻസ്പെക്ടർമാരും,ഹെൽത്ത് ഇൻസ്പെക്ടർമാരും കൈക്കൂലിക്കാരാമെന്ന് സ്വപ്ന മൊഴി നൽകി. ബിൽഡിംഗ് ഇൻസ്പെക്ടർമാർ കൂട്ടമായി കൈക്കൂലി വാങ്ങി വീതം വെക്കാറുണ്ടെന്നും കൈക്കൂലിക്ക് കൊച്ചിൻ കോർപ്പറേഷനിൽ പ്രത്യേക റേറ്റ് നിലവിൽ ഉണ്ടെന്നുമാണ് സ്വപ്നയുടെ മൊഴി.
തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സ്വപ്ന നിലവിൽ റിമാൻഡിലാണ്. സ്വപ്നയെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു. കൊച്ചി പൊന്നുരുന്നിയിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സ്വപ്നയെ വിജിലൻസ് പിടികൂടിയത്. അറസ്റ്റിൽ ആയതിന് പിന്നാലെ തന്നെ സ്വപ്നയെ മേയറിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്‌ത് ഓർഡറും പുറത്തു വന്നിരുന്നു.
എറണാകുളം സ്വദേശിയുടെ പരാതിയിന്മേലാണ് സ്വപ്നയെ അറസ്റ്റ് ചെയ്തത്. കോർപറേഷൻ പരിധിയിൽ അഞ്ചുനില കെട്ടിടം പണിയുന്നതിനുള്ള പെർമിറ്റിനായാണ് പരാതിക്കാരൻ നഗരസഭയിൽ എത്തുന്നത്. എന്നാൽ അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നൽകണമെങ്കിൽ 5000 രൂപ വെച്ച് 25000 രൂപ നൽകണമെന്നാണ് സ്വപ്ന ആദ്യം ആവശ്യപ്പെട്ടത്. താന്‍ സാധാരണ വാങ്ങുന്ന തുകയാണ് ഇതെന്ന് സ്വപ്ന പറഞ്ഞതായി പരാതിക്കാരൻ പറയുന്നു. തുടർന്നുള്ള വിലപേശലില്‍ 15000 രൂപ മതിയെന്ന് സ്വപ്ന പറയുകയായിരുന്നു. ഇതോടെ പരാതിക്കാരൻ എറണാകുളം വിജിലൻസ് സെൻട്രൽ യൂണിറ്റ് എസ്.പിയ്ക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു