മലപ്പുറം: അയൽവാസിയുടെ വീട്ടിലേക്കുള്ള വഴിക്കായി കുടുംബക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി വിട്ടുനൽകി ക്ഷേത്ര സ്ഥലത്തിന്റെ ഉടമകളായ സ്ത്രീകൾ. മലപ്പുറം താനൂരിലെ കൊളങ്ങശേരി കുടുംബാംഗങ്ങളും ക്ഷേത്ര സ്ഥലത്തിന്റെ ഉടമകളുമായ ലക്ഷ്മി സുമയും പാർവതിയുമാണ് അയൽവാസിക്ക് ഭൂമി നൽകിയത്. താനൂർ മൊയ്‌തീങ്കാനത്ത് സലീമിനാണ് ഭൂമി സൗജന്യമായി നൽകിയത്.താനൂർ വിളക്കീരി വെള്ളരിപ്പറമ്പ് റോഡിനോട് ചേർന്ന് താമസിക്കുന്ന സലീമിന്റെ വീട്ടിലേക്കുള്ള വഴിക്കായി സ്ഥലം വിട്ടുനൽകാൻ സമീപത്തുതന്നെ താമസിക്കുന്ന ബന്ധുക്കളോട് വർഷങ്ങളായി അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായിരുന്നില്ല. തുടർന്ന് സലീമിന്റെ വീടിന്റെ എതിർവശത്തുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഭൂമിയിൽ നിന്ന് വഴിക്ക് സൗകര്യം ലഭിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് താനൂർ പ്രിയം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി പി ബാബു, സെക്രട്ടറി കുഞ്ഞാവുട്ടി ഖാദർ എന്നിവർ സലീമിനൊപ്പം കുടുംബക്ഷേത്രത്തിന്റെ ഉടമകളായ ലക്ഷ്മിയെയും പാർവതിയെയും ചെന്നുകണ്ടു. പ്രിയം റെസിഡന്റ്‌സ് അസോസിയേഷൻ അംഗമാണ് സലീം.അസുഖ ബാധിതയായ ഉമ്മയുടെ ചികിത്സക്കായി സലീമും കുടുംബവും അനുഭവിച്ച ബുദ്ധിമുട്ടുകൾ അടക്കം മനസിലാക്കിയ ലക്ഷ്മിയും പാർവതിയും വഴിക്കാവശ്യമായ ഭൂമി വിട്ടുനൽകാമെന്ന് സന്തോഷത്തോടെ അറിയിക്കുകയായിരുന്നു. കുടുംബക്ഷേത്രത്തിന്റെ ചുറ്റുമതിൽ പൊളിച്ച് ഒന്നര അടി വീതിയിൽ, 40 മീറ്റർ നീളത്തിലാണ് ഭൂമി നൽകിയത്. സലീമിന്റെ വീട്ടിലേക്കുള്ള വഴി നിർമിക്കാൻ റെസിഡന്റ്‌സ് അസോസിയേഷനാണ് നേതൃത്വം നൽകിയത്. വഴിസൗകര്യം ഒരുക്കിയതിനുശേഷം സലീം ക്ഷേത്രമതിൽ പുനർനിർമിച്ച് നൽകുകയും ചെയ്തു.