മലപ്പുറം: പള്ളിക്കത്തോട് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ചേക്കാട് കാഞ്ഞിരംപാടം കുന്നുമ്മൽ വീട്ടിൽ പി.സി. സുരേഷ് (64) ആണ് പിടിയിലായത്.2025 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കത്തോട് ആനിക്കാട് കോക്കാട്ട്മുണ്ടക്കൽ സുനിൽ കെ.തോമസിൻറെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ മുതലുകൾ മോഷണം പോയിരുന്നു. വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്ന അന്വേഷണങ്ങൾക്ക് ഒടുവിലാണ് മലപ്പുറം കരുവാരക്കുണ്ടിൽ നിന്നും പള്ളിക്കത്തോട് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ കോട്ടയം ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. കേസിന്റെ വിചാരണയ്ക്കായി വരുന്ന അവസരങ്ങളിൽ ആ സ്ഥലങ്ങളിൽ മോഷണം നടത്തി തിരികെ പോകുന്ന പതിവുള്ളയാണ് പ്രതിയെന്ന് പോലീസ് പറയുന്നു.