തൃശൂർ: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ സ്റ്റേഷനില്‍ ഹാജരായി. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് മാതാവ് ഗീതയും പിതാവ് സുരേഷും എത്തിയത്. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു.
സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവര്‍ മാറിയിരുന്നു. നിലവില്‍ ഇരുവരും കേസില്‍ പ്രതികള്‍ അല്ല. മാര്‍ച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷൻ സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ സുകാന്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥയുടെ കുടുംബവും രംഗത്തെത്തി. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന പരാതിയും ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കുടുംബം കൈമാറി.










