കോട്ടയം: ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു. കോട്ടയം ഉഴവൂരിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 19 വർഷം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്‌സുകളിലായി ഇന്ത്യ സ്വർണം, വെള്ളി മെഡലുകൾ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിംഗിൽ അഞ്ചുതവണ സംസ്ഥാന ചാമ്പ്യനും 1976ൽ ദേശീയ ചാമ്പ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്.1941 സെപ്‌തംബർ 26ന് കോട്ടയം തിടനാട് മേക്കാട്ട് കെകെ തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായാണ് സണ്ണി തോമസിന്റെ ജനനം. കോട്ടയം സിഎംഎസ് കോളേജിലായിരുന്നു വിദ്യാഭ്യാസം. ഉഴവൂർ സെന്റ് സ്റ്റീഫൻസിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. തേവര സേക്രഡ് ഹാർട്ട് കോളേജിലും പഠിപ്പിച്ചിട്ടുണ്ട്. ഷൂട്ടിംഗിൽ ഇന്ത്യ നേടിയ മെഡലുകൾക്ക് പിന്നിൽ സണ്ണി തോമസിന്റെ വലിയൊരു പങ്കുണ്ട്.2004ൽ ഏതൻസ് ഒളിംപിക്‌സിൽ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് വെള്ളി മെഡൽ നേടിയപ്പോൾ ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായി അത് മാറി. 2008ലെ ബെയ്‌ജിംഗ് ഒളിംപിക്‌സിൽ അഭിനവ് ബിന്ദ്ര സ്വർണ മെഡൽ നേടിയപ്പോൾ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി. 2012ലെ ലണ്ടൻ ഒളിംപിക്‌സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസ് ആയിരുന്നു പരിശീലകൻ.