റാപ്പര്‍ വേടന് പിന്തുണയുമായി ഗായകന്‍ ഷഹബാസ് അമന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷഹബാസ് അമന്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. വേടന്‍ ഇവിടെ വേണമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് അമന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
കുറിപ്പിന്റെ പൂര്‍ണരൂപം
വേടന്‍ ഇവിടെ വേണം. ഇന്ന് നിശാഗന്ധിയില്‍ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്‌നേഹം.
ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വേടനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇതിനിടെയാണ് പ്രതികരണവുമായി ഷഹബാസ് അമന്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് വേടന്‍ അടക്കം ഒന്‍പത് പേരെ എക്‌സൈസ് സംഘം പിടികൂടുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഫ്‌ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടികൂടിയതായാണ് എക്‌സൈസ് പറയുന്നത്. കേസില്‍ വേടന്‍ അടക്കമുള്ളവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അതിനിടെ പുലിപ്പല്ല് കൈവശംവെച്ചെന്ന കേസില്‍ വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാന്‍സിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വേടന്‍ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ തിങ്കളാഴ്ച രാത്രിയോടെയാണ് വേടന്റെ അറസ്റ്റ് വനംവകുപ്പ് രേഖപ്പെടുത്തിയത്.