തൃശ്ശൂർ: തന്നെ സി.പി.എം. വിലയ്ക്കെടുത്തെന്ന ബി.ജെ.പി. ആരോപണം തള്ളി ബി.ജെ.പി. ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശ്. കൊടകര കവർച്ച നടന്നതിന് ശേഷം ധർമരാജൻ ആദ്യം ഫോണിൽ ബന്ധപ്പെട്ടത് കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ മകനെയുമാണെന്നും കള്ളപ്പണക്കാരുമായി പാർട്ടി സംസ്ഥാന അധ്യക്ഷന് എന്താണ് ബന്ധമെന്നും സതീശ് ചോദിച്ചു.പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന തൃശ്ശൂർ ജില്ലാ അധ്യക്ഷന്റെ വാദം നുണയാണെന്നും സതീശ് പറഞ്ഞു. സാമ്പത്തിക തിരിമറി നടത്തിയിട്ടില്ല. 30 വർഷമായി ബി.ജെ.പി. പ്രവർത്തകനാണ്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിലുള്ള കേസുകൾ മാത്രമേ തനിക്കെതിരേ ഉള്ളൂ. വ്യക്തിപരമായ കേസുകൾ ഇല്ല. സുരേന്ദ്രനെ വയനാട് എസ്റ്റേറ്റിൽനിന്ന് പിടിച്ചു പുറത്താക്കിയത് മരംമുറിച്ചു വിറ്റിട്ടല്ലേയെന്നും സതീശ് ആരാഞ്ഞു.ബുദ്ധിമുട്ടുണ്ടെങ്കിൽ ആരിൽനിന്നെങ്കിലും പണം കടം മേടിക്കും എന്നല്ലാതെ തന്നെ ഒരാൾക്കും വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീശ് നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.ശോഭാ സുരേന്ദ്രൻ എന്നൊരാളുടെ പേര് താൻ മാധ്യമങ്ങളുടെ മുൻപിൽ പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ശോഭ, സതീശിനെ സി.പി.എമ്മുകാർ വിലയ്ക്കു മേടിച്ചയാളാണെന്നും മൊയ്തീന്റെ വീട്ടിൽ പോയി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള ചോദ്യങ്ങൾ ചോദിച്ചത്. സുരേന്ദ്രനേപ്പോലുള്ള ആളുകൾക്കുള്ള പിക്ചർ ആയിരുന്നില്ല ശോഭാ സുരേന്ദ്രന് ജനങ്ങൾക്ക് മുൻപിലുണ്ടായിരുന്നത്. കുറച്ചുകൂടി വ്യക്തതയുള്ള നേതാവാണെന്ന് പ്രവർത്തകർക്ക് ധാരണയുണ്ടായിരുന്നു. ആ ധാരണ ലംഘിക്കാനാണോ ഇവർ പറയുന്ന നുണ ശോഭ ഏറ്റെടുത്ത് പറയുന്നത്. സഹതാപം ആണ് തോന്നുന്നത്. ആർക്കു വേണ്ടിയാണ് ആരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ശോഭ കള്ളം പറയുന്നത്. ജില്ലാ നേതാക്കന്മാരെ പിന്തുണച്ച് ശോഭ എന്തിനാണ് സംസാരിക്കുന്നത്. ശോഭയെ പാർട്ടിയുടെ ജില്ലാ ഓഫീസിൽ കടത്തരുതെന്ന് പറഞ്ഞിട്ടുള്ളയാണ് ജില്ലാ അധ്യക്ഷൻ അനീഷ്. ഓഫീസിലേക്ക് കടത്തരുത്. പത്രസമ്മേളനം നടത്താൻ വരികയാണെങ്കിൽ ഓഫീസിലേക്ക് കടത്തരുത്. മുറി പൂട്ടിയിട്ടോ എന്ന് തന്നോടു പറഞ്ഞിട്ടുണ്ട്. എന്നാൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആയ അവരോട് ഓഫീസിലേക്ക് കടക്കരുത് എന്ന് പറയാൻ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു. ആ ആൾക്കു വേണ്ടിയാണ് ശോഭ പറയുന്നത്, സതീശ് പറഞ്ഞു.