വീട്ടിൽനിന്ന് കാണാതായ 250 ഗ്രാം ഉരുളക്കിഴങ്ങ് കണ്ടെത്താനായി പോലീസിനെ സമീപിച്ചിരിക്കുകയാണ് യു.പി. സ്വദേശി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ മന്നപൂർവ നിവാസിയായ വിജയ് വർമയാണ് വ്യത്യസ്തമായ ആവശ്യവുമായി പോലീസിന്റെ അടിയന്തരസഹായത്തിനുള്ള ടോൾഫ്രീ നമ്പറിലേക്ക് വിളിച്ചത്. സംഭവത്തിൽ വിജയ് വർമ പോലീസുകാരോട് പരാതി ഉന്നയിക്കുന്ന വീഡിയോദൃശ്യങ്ങളും ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.ദീപാവലിയുടെ തലേദിവസം രാത്രിയാണ് പോലീസിന്റെ സഹായത്തിനായുള്ള ‘112’ എന്ന ടോൾഫ്രീ നമ്പറിലേക്ക് വിജയ് വർമ വിളിച്ചത്. വീട്ടിൽനിന്ന് ഉരുളക്കിഴങ്ങ് കാണാതായെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ഫോണിലൂടെ വിവരമറിഞ്ഞതിന് പിന്നാലെ പോലീസ് സംഘം വിജയ് വർമയുടെ വീട്ടിലെത്തി. തുടർന്ന് കാര്യം തിരക്കിയപ്പോഴാണ് വീട്ടിൽനിന്ന് 250 ഗ്രാം ഉരുളക്കിഴങ്ങ് കാണതായതിനാണ് വിജയ് വർമ അന്വേഷണം ആവശ്യപ്പെട്ട് വിളിച്ചതെന്ന് തിരിച്ചറിഞ്ഞത്.ഇതോടെ മദ്യപിച്ചിട്ടുണ്ടോ എന്നായിരുന്നു പോലീസിന്റെ ചോദ്യം. അതെ എന്നായിരുന്നു ഈ ചോദ്യത്തിന് വിജയ് വർമയുടെ മറുപടി. ”ഞാൻ മദ്യപിച്ചിട്ടുണ്ട്. ദിവസം മുഴുവനും ജോലിചെയ്യുന്ന ഞാൻ വൈകിട്ട് ചെറുതായിട്ട് മദ്യപിക്കാറുണ്ട്. പക്ഷേ, ഇത് മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇത് ഉരുളക്കിഴങ്ങ് കാണാതായ വിഷയമാണ്. അന്വേഷിക്കണം’ ഇതായിരുന്നു വിജയ് വർമ പറഞ്ഞത്. എന്തായാലും വിജയ് വർമ പരാതി ഉന്നയിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുയരുന്നത്. പരാതി എന്തായാലും പോലീസ് അതിവേഗത്തിൽ പ്രതികരിച്ചതിനെ പലരും അഭിനന്ദിച്ചു. എന്നാൽ, ഇത്തരം പരാതികൾ പോലീസിനെയും മറ്റു അടിയന്തരസേവനങ്ങളെയും ദുരുപയോഗം ചെയ്യുന്നതാണെന്നായിരുന്നു ഒരുവിഭാഗത്തിന്റെ വിമർശനം. അതേസമയം, ഉരുളക്കിഴങ്ങ് കാണാതായ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയോ പ്രതിയെ പിടികൂടിയോ എന്നകാര്യങ്ങളൊന്നും റിപ്പോർട്ടുകളിൽ വ്യക്തമല്ല.