ന്യൂഡല്‍ഹി: മാനനഷ്ട കേസില്‍ സാമൂഹികപ്രവര്‍ത്തക മേധാ പാട്കര്‍ അറസ്റ്റിലായി. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയുടെ മാനനഷ്ടക്കേസിലാണ് മേധാ പട്കറെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി സാകേത് കോടതിയാണ് കേസില്‍ മേധാ പാട്കര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 24 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസിലാണ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവരെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.സക്‌സേനയുടെ പരാതിയെ തുടര്‍ന്നുള്ള കേസില്‍ കഴിഞ്ഞ ഏപ്രില്‍ എട്ടിന് മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്തുലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ബോണ്ട് തുക കെട്ടിവെക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമപരമായ ആശ്വാസം ദുരുപയോഗം ചെയ്തുവെന്നും കോടതി നിര്‍ദേശങ്ങളില്‍ അനാദരവ് കാണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വാറണ്ട്.ഏപ്രില്‍ 23ന് മേധാ പട്കറിനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടെങ്കിലും അവര്‍ക്ക് അതിനു കഴിഞ്ഞിരുന്നില്ല. മേധാ പട്കര്‍ വിഡിയോ കോളിലൂടെ വാദം കേള്‍ക്കലില്‍ പങ്കെടുത്തിരുന്നുവെങ്കിലും നേരിട്ട് ഹാജരാകാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.ഗുജറാത്ത് സര്‍ക്കാരിന്റെ സര്‍ദാര്‍ സരോവര്‍ പദ്ധതിയെ അന്ന് ഗുജാറത്തില്‍ എന്‍ജിഒ നടത്തുകയായിരുന്ന വി.കെ സക്സേന പിന്തുണച്ചിരുന്നു. പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മേധാ പട്കറുടെ നര്‍മ്മദ ബചാവോ ആന്ദോളന്‍ രംഗത്തെുണ്ടായിരുന്നു. ആ സമയത്ത് സക്സേനയെ പേടിത്തൊണ്ടന്നെന്നും ഹവാല ഇടപാടുകള്‍ നടത്തുന്ന ആളെന്നും മേധാ പട്കര്‍ വിശേഷിപ്പിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ചാണ് സക്സേന മാനനഷ്ടത്തിന് കേസുനല്‍കിയത്.