ബംഗളൂരു: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോക്ടര്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ഒമ്പത് വര്‍ഷക്കാലം അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ചതിന് ശേഷം 2003-2009 കാഘട്ടത്തില്‍ രാജ്യസഭാ എംപിയായും ആസൂത്രണ കമ്മീഷന്‍ അംഗം എന്ന നിലയിലും കസ്തൂരിരംഗന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് ഒമ്പത് വര്‍ഷത്തോളും നേതൃത്വം നല്‍കിയ വ്യക്തിയാണ് കെ കസ്തൂരിരംഗന്‍.ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എന്നീ പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്യഭട്ട, ഭാസ്കര എന്നീ ഉപഗ്രഹങ്ങളുടെ പ്രോജക്റ്റ് ഡയറക്ടറായിരുന്നു. 1994 മാര്‍ച്ച് 31നാണ് അദ്ദേഹം ഐഎസ്ആര്‍ഒ മേധാവിയായി സ്ഥാനമേറ്റത്. 2003 ഓഗസ്റ്റ് 27ന് പദവി ഒഴിഞ്ഞു. ഇതിന് ശേഷം ആഗോളതലത്തില്‍ നിരവധി ബഹിരാകാശ വിക്ഷേപണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണം സംബന്ധിച്ച് അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. മുന്‍ റിപ്പോര്‍ട്ടുകള്‍ വിവാദമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ആദ്യ ദൗത്യസംഘത്തിനു നേതൃത്വം നല്‍കിയത് പരിസ്ഥിതിശാസ്ത്ര പ്രഫസറായ മാധവ് ഗാഡ്ഗില്‍ ആയിരുന്നു.ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത് പോലെ കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ വ്യാപകമായി ഒഴിപ്പിക്കലുകള്‍ വേണ്ടിവരുമെന്ന ആശങ്ക ശക്തമായിരുന്നു. കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള അഞ്ച് സംസ്ഥാനങ്ങളിലും വലിയതോതില്‍ പ്രതിഷേധം ഉയരുകയും ചെയ്തു. തുടര്‍ന്നാണ് കസ്തൂരിരംഗനെ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിന്റെ പുനഃപരിശോധനയ്ക്കു നിയോഗിച്ചത്.