തൃശൂർ: പ്രശസ്ത കഥകളി മദ്ദള ആചാര്യൻ കലാമണ്ഡലം നാരായണൻ നായർ ആശാൻ (നെല്ലൂവായ്) അന്തരിച്ചു. ഇന്ന് പുലർച്ചെ തൃശൂർ അമല ആശുപത്രിയിലായിരുന്നു അന്ത്യം. കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളുടെ ആദ്യകാല ശിഷ്യരിൽ ചിട്ട വിടാതെയുള്ള വാദന ശൈലി ഇദ്ദേഹത്തെ മറ്റു പല മദ്ദള വിദ്വന്മാരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നു. ഇക്കഴിഞ്ഞ കോട്ടക്കൽ വിശ്വംഭര ക്ഷേത്ര ഉത്സവം ആയിരുന്നു അവസാനത്തെ അരങ്ങ്. പഠിപ്പിച്ചത് അപ്പുക്കുട്ടി പൊതുവാളും കൊണ്ടുനടന്ന് വളർത്തിയത് കലാമണ്ഡലം കൃഷ്‌ണൻ കുട്ടി പൊതുവാളുമായിരുന്നുവെന്ന് നാരായണൻ നായർ എപ്പോഴും പറയുമായിരുന്നു.കേരള കലാമണ്ഡലം അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ് എന്നിവയ്‌ക്കൊപ്പം നിരവധി കഥകളി ക്ലബുകളുടെ അവാർഡുകളും ലഭിച്ചിട്ടുണ്ട്. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് അടക്കം 50 ൽപ്പരം വിദേശരാജ്യങ്ങളിൽ കലാപ്രകടനം നടത്തിയിട്ടുണ്ട്. ദീർഘകാലം ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയർ കലാനിലയം, കേരള കലാമണ്ഡലം എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.ഭാര്യ ദേവകിയോടൊപ്പം അഹമ്മദാബാദ് ദർപ്പണയിലൂടെയും നെല്ലുവായിൽ ശ്രീ ധന്വന്തരി കലാക്ഷേത്രം വഴിയും നിരവധി ശിഷ്യരെ വാർത്തെടുത്തു. ഓട്ടൻ തുള്ളൽ കലാകാരിയായിരുന്ന ഭാര്യ കലാമണ്ഡലം ദേവകി രണ്ടുവർഷം മുമ്പായിരുന്നു അന്തരിച്ചത്. മക്കൾ: പ്രസദ്, പ്രസീദ.