പച്ചമുട്ട ചേര്‍ത്ത മയോണൈസ് ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട്. ഏപ്രില്‍ എട്ട് മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് (2006) പ്രകാരം ഒരു വര്‍ഷത്തേക്കാണ് നിരോധനം.പച്ചമുട്ട, വെജിറ്റബിള്‍ ഓയില്‍, വിനാഗിരി എന്നിവയുപയോഗിച്ചാണ് സാധാരണ മയോണൈസ് ഉണ്ടാക്കുന്നത്. എന്നാല്‍ സാല്‍മൊണല്ല ബാക്റ്റീരിയയുണ്ടാകാന്‍ ഏറെ സാധ്യതയുള്ള ഈ രീതി ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കും എന്ന് തമിഴ്‌നാട് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ആര്‍ ലാല്‍വേണ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
റസ്റ്ററെന്റുകളില്‍ പച്ചമുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. മണിക്കൂറുകള്‍ മാത്രം ഉപയോഗയോഗ്യമായ മയോണൈസ് കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ സൂക്ഷ്മാണുക്കള്‍ അടിഞ്ഞുകൂടാന്‍ സാധ്യതയേറെയാണ്. സാല്‍മൊണെല്ല ടൈഫിമുറിയം, സാല്‍മൊണെല്ല എന്ററിറ്റിഡിസ്, എസ്‌ഷെറിഷിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് എന്നീ സൂക്ഷ്മാണുക്കളാണ് കാലാവധി കഴിഞ്ഞ മയോണൈസിലെ അക്രമകാരികള്‍.
മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് 2023-ല്‍ തന്നെ കേരളം നിരോധിച്ചിരുന്നു. മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാം. മയോണൈസ് പുറത്തെ താപനിലയില്‍ രണ്ട് മണിക്കൂറിലധികം വയ്ക്കാന്‍ പാടില്ല. ഉപയോഗിച്ചശേഷം ബാക്കി വരുന്ന മയണൈസ് 4 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കുകയും വേണം











