പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായിരുന്ന വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് വധശിക്ഷ വിധിച്ചത്. രാജേന്ദ്രൻ കുറ്റക്കാരനെന്ന് ഏപ്രിൽ 10ന് കോടതി കണ്ടെത്തിയിരുന്നു. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിച്ചത്.
പ്രതിയുടെ കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജില്ലാ കളക്ടർ, മനഃശാസ്ത്രജ്ഞൻ, തിരുവനന്തപുരത്തെയും തമിഴ്നാട്ടിലെയും ജയിൽ സൂപ്രണ്ടുമാർ, കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിലെ പ്രൊബേഷണറി ഓഫീസർമാർ, സിറ്റി പൊലീസ് കമ്മീഷണർ, റവന്യൂ ഡിപ്പാർട്ട്‌മെന്റ് എന്നിവർ അടക്കം ഏഴ് റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിച്ചിരുന്നു.പ്രതിക്കെതിരെ കൊലപാതകം, കവർച്ചക്കിടെ കൊലപ്പെടുത്തൽ, അന്യായമായി കടന്നുകയറൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. പ്രതി സമാന രീതിയിൽ തമിഴ്നാട്ടിൽ മൂന്ന് കൊലപാതകങ്ങൾ ചെയ്ത് ശേഷം ജാമ്യത്തിൽ കഴിയവേയാണ് വിനീതയെ കൊലപ്പെടുത്തിയത്. പണത്തിനായി കവർച്ച നടത്തുന്ന പ്രതി എതിർക്കുന്നവരെ കൊലപ്പെടുത്തുന്ന രീതി അവലംബിക്കുന്നതിനാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ആവശ്യപ്പെട്ടു. 2022 ഫെബ്രുവരി ആറിന് പകൽ 11.50ന് ചെടി വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി നാലര പവന്റെ മാലയ്ക്കായാണ് വിനീതയെ കൊലപ്പെടുത്തിയത്.പ്രതിയുടെ സാമൂഹിക പശ്ചാത്തലവും മനപരിവർത്തന സാദ്ധ്യതയും, മാനസിക നില, മാനസാന്തര സാദ്ധ്യത, ജയിലിലെ സഹ തടവുകരോടുള്ള പെരുമാറ്റ രീതി, ജീവിത ശൈലി, മാനസാന്തരപ്പെടുത്താൻ കഴിയുമെങ്കിൽ വേണ്ടുന്ന പ്രവർത്തനങ്ങൾ, മുൻകാല കുറ്റ കൃത്യങ്ങൾ, പ്രതിയുടെ ആസ്തി, ബാദ്ധ്യതകളെ സംബന്ധിച്ച വിവരം അടക്കം കോടതി ആവശ്യപ്പെട്ട ഏഴ് റിപ്പോർട്ടുകളും കോടതിയിലെത്തിച്ചിരുന്നു.