സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ നേരിയ ഇടിവ് സംഭവിച്ചു. ഒരു പവന് 80 രൂപ കുറഞ്ഞ് 72,040 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,005 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,824 രൂപയുമാണ്. ഇന്നലെ പവന് 2,200 രൂപ കുറഞ്ഞ് 72,120 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയ ഏപ്രിൽ 22നായിരുന്നു. അന്ന് പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമായിരുന്നു.
രണ്ട് ദിവസം കൊണ്ട് പവൻ വിലയിൽ 2,280 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സമീപ കാലത്ത് ഇതാദ്യമായാണ് സ്വർണവിലയിൽ ഇത്രയും വലിയ കുറവുണ്ടാകുന്നത്. വരും ദിവസങ്ങളിൽ വിലയിൽ എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് സ്വർണപ്രേമികൾ ഉറ്റുനോക്കുന്നത്. ഇന്ന് കുറഞ്ഞതിന്റെ ഇരട്ടി നാളെ കൂടുമോയെന്ന ആശങ്കയുള്ളവരുമുണ്ട്. നടപ്പുവർഷം ഇതുവരെ സ്വർണവിലയിൽ 30 ശതമാനം വർദ്ധനയുണ്ടായി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പ്രിയമേറിയതോടെയാണ് സ്വർണവില പുതിയ ഉയരങ്ങളിലെത്തിയത്. ഒരു വർഷത്തിനിടെ 21,200 രൂപയാണ് കൂടിയത്.
പുതിയ മാറ്റത്തിനുളള കാരണങ്ങൾ
- അമേരിക്കയും ചൈനയും വ്യാപാര യുദ്ധം ശക്തമാക്കിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് വൻ തോതിൽ പണമൊഴുകുന്നു.
- ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധനയും സാമ്പത്തിക നയങ്ങളും ഡോളറിന്റെയും യു.എസ് ബോണ്ടിന്റെയും വിശ്വാസ്യത നഷ്‌ടമാക്കുന്നു.
- ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരെ ട്രംപ് വിമർശനമുയർത്തിയതോടെ അമേരിക്കയിൽ പലിശ കുറയുന്നതിൽ അനിശ്ചിതത്വം ഏറുന്നു.
- വിവിധ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിലെ ഡോളർ ഒഴിവാക്കി സ്വർണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്ന ‘ഡീ ഡോളറൈസേഷൻ’ നടപടികൾ കൂടുന്നു.