ചങ്ങരംകുളം:രാഷ്ട്രീയ ,സാമൂഹിക ,വിദ്യാഭ്യാസ ,മത ,സാംസ്കാരിക രംഗങ്ങളിൽ അൻപത് വർഷമായി തിളങ്ങി നിൽക്കുന്ന മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷററും, മലപ്പുറം ജില്ലാ യു ഡി എഫ് കൺവീനറും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ അഷ്‌റഫ് കോക്കൂര്‍ പൊതുപ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട സാഹചര്യത്തിൽ ചങ്ങരംകുളം ഓപ്പൺ ഫോറം നൽകുന്ന കർമ്മ ശ്രേഷ്ഠ പുരസ്കാരം ഏപ്രിൽ-25ന് ചങ്ങരംകുളത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വെള്ളിയാഴ്ച്ച ഉച്ചക്ക് 2:30ന് ചങ്ങരംകുളം എഫ്എല്‍ജി കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉപഹാര സമർപ്പണം നിർവഹിക്കും.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി,മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ,ഇടി മുഹമ്മദ് ബഷീർ എംപി ,എംപി അബ്ദുസ്സമദ് സമദാനി എംപി,പി നന്ദ കുമാർ എംഎല്‍എ ,പി സുരേന്ദ്രൻ,അജിത് കൊളാടി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും .
ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ എം എസ് എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ ലീഡറായി പൊതുപ്രവർത്തനം ആരംഭിച്ചു മുസ്‌ലിം ലീഗിന്റെ നേതൃ നിരയിൽ എത്തി നിൽക്കുമ്പോൾ ഒട്ടേറെ മികവുറ്റ പ്രവർത്തങ്ങൾ ഇ നാടിന് വേണ്ടി സംഘടിപ്പിക്കാനും നേതൃത്വം നൽകാന്‍ അഷറഫ് കോക്കൂരിന് സാധിച്ചിട്ടുണ്ടെന്നും അദ്ധേഹത്തിന്റെ പ്രവര്‍ത്തന മികവിന് നാട് നല്‍കുന്ന ഉപഹാരമാണ് കർമ്മ ശ്രേഷ്ഠ പുരസ്‌കാരമെന്നും ചങ്ങരംകുളം ഓപ്പൺ ഫോറം ഭാരവാഹികള്‍ പറഞ്ഞു.വിവിധ മേഖലകളിൽ അഷ്‌റഫ് കോക്കൂരുമായി ബന്ധമുള്ള വ്യക്തിത്വങ്ങളുടെ രചനകൾ ഉൾക്കൊള്ളിച്ച’സ്നേഹജാലകം’പുസ്തക പ്രകാശനവും അഷ്‌റഫ് കോക്കൂരിന്റെ പ്രവർത്തങ്ങളെ ഉൾക്കൊള്ളിച്ച ഡോക്യൂമെന്ററിയുടെ പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.സ്വാഗത സംഘം ചെയർമാൻ ആലംകോട് ലീലാ കൃഷ്ണൻ,ജനറൽ കൺവീനർ സിഎം യൂസഫ്,പി പി യൂസഫലി,ഷാനവാസ് വട്ടത്തുർ,അഡ്വക്കേറ്റ് സിദ്ധീഖ് പന്താവൂർ തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു