ഓൺലൈൻ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീദേവ് (35), കോസ്റ്റ്യൂമര്‍ മുഹമ്മദ് റാഫി (37) എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയായ യുവാവ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിരയായത്. ആപ്പില്‍ പണം നിക്ഷേപിച്ച് അതിലുള്ള ബില്‍ഡിങിന് റേറ്റിങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാം എന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി യുവാവിന്റെ ഫോണിലേക്ക് പ്രതികൾ വാട്ട്സ്ആപ്പിലുടെ ലിങ്ക് അയച്ച്കൊടുക്കുകയായിരുന്നു. ഇങ്ങനെ പലതവണകളായി 46 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.
പ്രതികളുടെ മൊബെൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീദേവും മുഹമ്മദ് റാഫിയും അറസ്റ്റിലായത്. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളില്‍ അസ്സോസ്സിയേറ്റ്ഡയറക്ടറുമാണ് ശ്രീദേവ്. കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശി മുഹമ്മദ്റാഫി സിനിമയിൽ കോസ്റ്റ്യൂമറുമാണ്. തട്ടിപ്പിലൂടെ നേടിയ പണം മുഹമ്മദ് റാഫി പറഞ്ഞതനുസരിച്ച് ശ്രീദേവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും ശ്രീദേവ് പണം മറ്റൊരാൾക്ക് കൈമാറുകയുമായിരുന്നു.