സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖ, ട്രോഫി പ്രയാണം ആരംഭിച്ചു. കാസർകോട് ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. സി എച്ച് കുഞ്ഞമ്പു എംഎൽഎ ദീപശിഖ കൊളുത്തി ഏഷ്യൻ അത്‌ലറ്റിക്‌സ് ഡിസ്‌കസ്‌ത്രോ വെള്ളിമെഡൽ ജേതാവ് കെ സി സർവാന് കൈമാറി. മേളയിൽ ഏറ്റവും അധികം പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫിയും വഹിച്ചുള്ള ഘോഷയാത്ര മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് ജാഥ ആരംഭിച്ചത്.ദീപശിഖ പ്രയാണം നീലേശ്വരം എൻ കെ ബാലകൃഷ്ണൻ സ്‌മാരക യുപി സ്‌കൂളിലെയും പിലിക്കോട് സി കൃഷ്ണൻനായർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും സ്വീകരണത്തിനുശേഷം കരിവെള്ളൂരിൽവച്ച് കണ്ണൂർ ജില്ലയിലേക്ക് വരവേറ്റു. തളിപ്പറമ്പ് സീതിസാഹിബ് എച്ച്എസ്എസ്, ശ്രീകണ്ഠപുരം ജിഎച്ച്എസ്എസ്, കൊട്ടിയൂർ ഐജെഎം എച്ച്എസ്എസ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വയനാട് ജില്ലയിലേക്ക് പ്രവേശിച്ചു. മാനന്തവാടി, കൽപ്പറ്റ, താമരശേരി, നിലമ്പൂർ, പെരിന്തൽമണ്ണ, പട്ടാമ്പി, തൃശൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തൃപ്പൂണിത്തുറയിൽവച്ച് തെക്കൻമേഖലാ ഘോഷയാത്രയോട് ചേരും.എവർറോളിങ് ട്രോഫിയും വഹിച്ചുള്ള ഘോഷയാത്രക്ക് കൊല്ലം, കൊട്ടാരക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, കാലടി, ആലുവ, കളമശേരി, വരാപ്പുഴ, ഇടപ്പള്ളി, കാക്കനാട്, കിഴക്കമ്പലം, ചോറ്റാനിക്കര, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, വൈപ്പിൻ ഗോശ്രീ ജങ്‌ഷൻ എന്നീ പോയിന്റുകളിൽ വിദ്യാർഥികളും പൊതുജനങ്ങളും സ്വീകരണം നൽകും.ഘോഷയാത്ര നാലിന് എറണാകുളം മറൈൻ ഡ്രൈവിൽ സമാപിക്കും.17 സ്റ്റേഡിയങ്ങളിലായി നാലുമുതൽ 11 വരെ നടക്കുന്ന മേളയിൽ 24,000 കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.