സിനിമാ പരസ്യങ്ങൾക്കും മറ്റും വെറുതെ ലൈക്കും ഷെയറും നൽകിയാൽ പണം നേടാമെന്നും മണി ഡബ്ളിംഗിലൂടെ പണം ഇരട്ടിപ്പിക്കാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഘം പൊലീസ് പിടിയിലായി.വിയറ്റ്നാം സ്വദേശിയായ ലെ കോക്ക് ട്രോങ് തമിഴ്നാട് സ്വദേശികളായ കണ്ണൻ, മനോജ് കുമാർ എന്നിവരാണ് തിരുവനന്തപുരം ഫോർട്ട് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിൽ ഹൈദരാബാദിൽ നിന്നുമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.ടെലിഗ്രാം ആപ്പിലൂടെയാണ് സംഘം തട്ടിപ്പിനായുള്ള സന്ദേശങ്ങൾ ആളുകൾക്കയച്ചു കൊടുത്ത് വിശ്വസിപ്പിച്ചത്. ഫോർട്ട് സ്റ്റേഷനിൽ നിന്നും ഹൈദരാബാദിലെത്തിയ പൊലീസ് സംഘം പ്രതികളെ വിളിച്ചു വരുത്തി തന്ത്രപൂർവമാണ് പിടികൂടിയത് . അറസ്റ്റ് ചെയ്ത പ്രതികളെ കേരളത്തിൽ എത്തിച്ചു. ഇവർ പലരിൽ നിന്നും ഇത്തരത്തിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.