ന്യൂഡല്‍ഹി: ജസ്റ്റിസ് ബി ആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്നയാണ് മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ബി ആര്‍ ഗവായിയെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തത്. സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ഗവായ് മെയ് 14ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന മെയ് 13ന് വിരമിക്കും. നിർണായകമായ പല വിധികളും പുറപ്പെടുവിച്ച ബെഞ്ചിൽ ജസ്റ്റിസ് ഗവായ് അംഗമായിരുന്നു. 2016ൽ കേന്ദ്രം നടപ്പാക്കിയ നോട്ട് നിരോധനം ശരിവച്ച വിധിയും ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയും അവയിൽ ചിലതുമാത്രമാണ്. 1960 നവംബര്‍ 24ന് അമരവാതിയിലാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്ന ബി ആര്‍ ഗവായി ജനിച്ചത്. 1985 മാര്‍ച്ച് 16ന് അദ്ദേഹം അഭിഭാഷകനായി എന്‍റോള്‍ചെയ്തു. മുന്‍ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന രാജ എസ് ബോണ്‍സാലെയുടെ കീഴിലായിരുന്നു ആദ്യകാലത്ത് ഗവായ് പ്രാക്ടീസ് ചെയ്തിരുന്നത്. 1987 മുതല്‍ 1990 വരെ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. 1990ന് ശേഷം ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലും അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു. നാഗ്പുര്‍ മുനിസിപ്പല്‍ കോർപറേഷന്‍, അമരാവതി മുനിസിപ്പല്‍ കോർപറേഷന്‍, അമരാവതി സര്‍വകലാശാല തുടങ്ങിയവയുടെ സ്റ്റാന്‍ഡിങ് കോണ്‍സലായും പ്രവര്‍ത്തിച്ചു. 2003 നവംബര്‍ 14ന് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2005ല്‍ ബോംബെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2019 മെയ് 24ന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2025 നവംബർ 23ന് ബി ആർ ഗവായി വിരമിക്കും. ആറുമാസത്തോളം ചീഫ് ജസ്റ്റിസായി ഗവായിക്ക് തുടരാം.