യുട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരിൽ ഭൂരിപക്ഷം പേരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മ്യൂസിക് കോപ്പിറൈറ്റ്. വീഡിയോകളിൽ നൽകുന്ന പശ്ചാത്തല സംഗീതം മറ്റൊരാളുടെത് ആവുമ്പോൾ വീഡിയോയ്ക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക് വരികയും വീഡിയോയ്ക്കുള്ള വരുമാനം വരാതിരിക്കുകയും ചെയ്യും. എന്നാൽ ഇപ്പോഴിതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.വീഡിയോ ക്രിയേറ്റർമാർക്കായി വീഡിയോകൾക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിർമിക്കാൻ സഹായിക്കുന്ന പുതിയ എഐ ടൂളുമായിട്ടാണ് യൂട്യൂബ് എത്തുന്നത്. ടെക്ക്രഞ്ച് ആണ് യൂട്യൂബിന്റെ പുതിയ അപ്‌ഡേഷനെ കുറിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.മ്യൂസിക് അസിസ്റ്റന്റ് എന്ന പേരിലാണ് പുതിയ എഐ ടൂൾ എത്തിയിരിക്കുന്നത്. ഇതിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വീഡിയോയുടെ സ്വഭാവത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഇത്തരത്തിൽ നിർമിക്കുന്ന മ്യൂസിക്കുകൾ വിലയിരുത്താനും യൂട്യൂബിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധിക്കും.യൂട്യൂബിന്റെ ക്രിയേറ്റർ മ്യൂസിക്കിലേക്ക് ആക്സസ് ഉള്ള ഉപയോക്താക്കൾക്കായി മ്യൂസിക് അസിസ്റ്റന്റ് ഉടനെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ യൂട്യൂബിന്റെ ബീറ്റവേർഷനിൽ മാത്രമാണ് ഈ എഐ ടൂൾ ലഭ്യമാവുക. ഇത്തരത്തിൽ നിർമിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ കോപ്പിറൈറ്റിനെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ഉടനെ തന്നെ യൂട്യൂബിന്റെ ഉപഭോക്താക്കൾക്ക് ഈ സേവനം ആഗോളതലത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.