ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സിനിമയെക്കുറിച്ച് ഛായാഗ്രാഹകൻ ജിംഷി ഖാലിദ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഐ ആം ഗെയിം എന്ന സിനിമയിൽ സ്‌പോര്‍ട്‌സും വലിയൊരു ഭാഗമാണ് എന്നാണ് ജിംഷി പറയുന്നത്.
‘ഐ ആം ഗെയിം എന്ന പടത്തിന്റെ കഥയില്‍ സ്‌പോര്‍ട്‌സിന് വലിയൊരു പ്രാധാന്യമുണ്ട്. ആലപ്പുഴ ജിംഖാനയിലും സ്‌പോര്‍ട്‌സ് ഒരു ഭാഗമാണ്. പക്ഷേ ആലപ്പുഴ ജിംഖാനയെക്കാള്‍ ഐം ഗെയിമിന്റെ സ്‌കെയില്‍ വളരെ വലുതാണ്. രണ്ട് പടങ്ങളും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ ഞാൻ താരതമ്യം ചെയ്യുന്നത്. അല്ലാതെ നോക്കിയാല്‍ ആലപ്പുഴ ജിംഖാന വളരെ ലൈറ്റ് ഹാര്‍ട്ടഡാണ്. ഒരു കൂട്ടം പിള്ളേര്‍ ബോക്‌സിങ് പഠിക്കാന്‍ പോകുന്നതും അതില്‍ നിന്ന് അവര്‍ക്ക് കിട്ടുന്ന ടേക്ക് എവേയുമാണ് കാണിക്കുന്നത്. നഹാസിന്റെ പടം അങ്ങനെയല്ല. അതിന്റെ സ്കെയിൽ വലുതാണ്,’ ജിംഷി ഖാലിദ് പറഞ്ഞു.നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്.2023 ൽ പുറത്തിറങ്ങിയ ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രത്തിന് എന്നാൽ ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും 100 കോടിക്കും മുകളിലാണ് നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്