പുനലൂര്‍: കൊല്ലം-ചെങ്കോട്ട പാതയില്‍ തീവണ്ടികള്‍ വഴിയുള്ള പണം കടത്തല്‍ തുടര്‍ക്കഥയാകുന്നു. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍നിന്നു കൊല്ലത്തേക്കുവന്ന എക്സ്പ്രസ് തീവണ്ടിയില്‍നിന്നു 16.56 ലക്ഷം രൂപ പിടിച്ചെടുത്തു. പുനലൂര്‍ റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണ സേനയും (ആര്‍പിഎഫ്) ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മധുര സ്വദേശി നവനീത് കൃഷ്ണ (63) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.തീവണ്ടിയില്‍ സംശയാസ്പദമായി കണ്ട നവനീതിനെ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്. ശരീരത്തോട് ചേര്‍ത്തുകെട്ടിയിരുന്ന തുണികൊണ്ടുള്ള സഞ്ചിയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു പണം. വിശദമായി ചോദ്യം ചെയ്തെങ്കിലും ഉറവിടം വെളിപ്പെടുത്താനോ രേഖകള്‍ ഹാജരാക്കാനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാറിന്റേയും ആര്‍പിഎഫ് എഎസ്ഐ തില്ലൈ നടരാജന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന.സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗത്തിന് വിവരം കൈമാറിയിട്ടുണ്ടെന്ന് ഇവര്‍ അറിയിച്ചു. പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് തീവണ്ടിമാര്‍ഗം ലഹരി പദാര്‍ഥങ്ങളും കുഴല്‍പ്പണവും എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും മാസമായി പാതയില്‍ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത പരിശോധന നടന്നുവരികയാണ്.ആറുമാസത്തിനിടെ പിടിച്ചത് 1.5 കോടികൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളില്‍നിന്നു കഴിഞ്ഞ ആറുമാസത്തിനിടെ പിടിച്ചെടുത്തത് രേഖകളില്ലാത്ത 1.5 കോടിയിലധികം രൂപ. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് ഇതുവരെ കസ്റ്റഡിയിലായത്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സ്വദേശികളാണ്. ഇക്കഴിഞ്ഞ 24-ന് കൊല്ലം-എഗ്മോര്‍ തീവണ്ടിയില്‍നിന്നു 44.03 ലക്ഷം രൂപ പിടിച്ചെടുക്കുകയും തമിഴ്‌നാട് മധുര സ്വദേശി അഴകപ്പന്‍ (58), വിരുദുനഗര്‍ സ്വദേശി ചുടലമുത്തു (58) എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ അഞ്ചിനും ഇതേ തീവണ്ടിയില്‍നിന്നു 37.10 ലക്ഷം രൂപയുമായി പത്തനാപുരം കുണ്ടയം സ്വദേശി ഷാഹുല്‍ ഹമീദിനെ (56) കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇതേ തീവണ്ടിയില്‍ കടത്തിക്കൊണ്ടുവന്ന 16.80 ലക്ഷം രൂപ പിടിച്ചെടുത്ത് മധുര കാമരാജ്ശാലയില്‍ എസ്.സുരേഷിനെ (65) കസ്റ്റഡിയിലെടുത്തു. നവംബറില്‍ ഗുരുവായൂര്‍ എക്സ്പ്രസില്‍നിന്നു 35.92 ലക്ഷം രൂപ പിടിച്ചെടുത്ത് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനനെയാണ് (52) കസ്റ്റഡിയിലെടുത്തത്.തീവണ്ടികള്‍ വഴി പണം കടത്തുന്നത് തുടരുന്ന സാഹചര്യത്തില്‍ ആദായനികുതി വകുപ്പും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാര്‍ അറിയിച്ചു.