സാങ്കേതിക തകരാറ് മൂലം രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് തകരാറ് സ്‌തംഭിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ തന്നെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സേവനം വീണ്ടും ആരംഭിച്ചു. ഈ സമയത്ത് ഉപയോക്താക്കൾ യുപിഐ മുഖേന പണം അടയ്ക്കാൻ സാധിച്ചിരുന്നില്ല. തകരാറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടറും ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസം നേരിടുന്നത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് യുപിഐ സേവനങ്ങൾക്ക് തടസമുണ്ടായത്. ഈ സമയത്ത് പേടിഎം, ഫോൺപേ, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് യുപിഐ പേയ്‌മെന്റുകൾ നടത്താൻ കഴിഞ്ഞില്ല. ഇതോടെ ചില ഉപയോക്താക്കൾ ഈ വിവരം സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തു. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.ദിവസേനയുളള ഇടപാടുകൾക്കായി യുപിഐ പ്ലാറ്റ്‌ഫോമുകളെയാണ് ഇന്ന് മിക്കവരും ആശ്രയിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ മൂന്നാം തവണയാണ് യുപിഐ ഇടപാടുകളിൽ പ്രശ്നങ്ങൾ നേരിടുന്നത്. ഇതിനു മുൻപ് ഏപ്രിൽ രണ്ടിന് ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് മുൻപ് മാർച്ച് 26ന് ഗൂഗിൾ പേ, പേടിഎം ആപ്പുകൾ ഡൗണ്‍ ആയിരുന്നു. ഡൗൺഡിറ്റക്ടറിൽ 3,000ത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അന്ന് ഉപയോക്താക്കൾക്ക് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ യുപിഐ വഴി പണമിടപാട് സാദ്ധ്യമായില്ല.