ആര്‍ബിഐയുടെ പണവായ്പ നയം പ്രഖ്യാപിക്കാന്‍ ചേര്‍ന്ന ധനകാര്യനയ യോഗത്തിലെ പുതിയ തീരുമാനം പുറത്ത് വന്നിരിക്കുകയാണ്. യുപിഐയെ നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് കീഴിലുള്ള നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയാണ്. ഇവര്‍ പുതിയതായി യുപിഐയില്‍ ഉപഭോക്താവും വ്യാപാരിയും തമ്മിലുള്ള സാമ്പത്തിക ഇടപാട് പരിധി ഉയര്‍ത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ്. അതായത് പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് പേയ്‌മെന്റിന്റെ ഇടപാട് ഉയര്‍ത്താനാണ് ആര്‍ബിഐ അനുമതി നല്‍കിയിരിക്കുന്നത്.
രണ്ട് വ്യക്തികള്‍ തമ്മില്‍, അല്ലെങ്കില്‍ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി ഒരു ലക്ഷം രൂപയാണ്. പുതിയ അനുമതി പ്രാബല്യത്തില്‍ വരുന്നതോടെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ വ്യക്തിയും വ്യാപാരിയും തമ്മിലുള്ള ഇടപാട് പരിധി ചില കേസുകളില്‍ രണ്ടു ലക്ഷം രൂപയും മറ്റു ചില അവസരങ്ങളില്‍ അഞ്ചുലക്ഷം രൂപയുമാണ്. അതേസമയം ഉയര്‍ന്ന ഇടപാടുകള്‍ നടക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ ലഘൂകരിക്കാന്‍ സുരക്ഷാ നടപടികളും കൈകൊള്ളുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാറ്റങ്ങളെ കുറിച്ചും പുത്തന്‍ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിനും ബാങ്കുകളുമായും യുപിഐ സേവനം നല്‍കുന്ന മറ്റ് പങ്കാളികളുമായും ഇതുസംബന്ധിച്ച് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കൂടിയാലോചനകള്‍ നടത്തണം. തുടര്‍ന്ന് ഇടപാട് പരിധി ഉയര്‍ത്തുന്നതുമായോ പരിഷ്‌കരിക്കുന്നതുമായോ ബന്ധപ്പെട്ട് നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രഖ്യാപനം നടത്തണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.