ജമ്മു: ജമ്മുകാശ്മീരിലെ അഖ്‌നൂർ സെക്ടറിലെ നിയന്ത്രണരേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചു. കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. ഇന്നലെ രാത്രിവൈകി കേരി ഭട്ടൽ പ്രദേശത്തെ വനമേഖലയിൽ അരുവിക്ക് സമീപം ആയുധധാരികളായ ഒരുസംഘം ഭീകരർ തമ്പടിച്ചിരിക്കുന്ന വിവരമറിഞ്ഞ് സൈന്യം അവിടെയെത്തി. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർത്തു. സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഏറെ സമയം നീണ്ടുനിന്നു. ഇതിനിടയിലാണ് ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് പരിക്കേൽക്കുകയും പിന്നീട് വീരമൃത്യുവരിക്കുകയുമായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. ഇവിടെ ഏറ്റുമുട്ടൽ തുടരുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, കിഷ്ത്വാറിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. ആദ്യം ഒരു ഭീകരനെയാണ് വധിച്ചത്. തുടർന്ന് രണ്ടുപേരെക്കൂടി വധിക്കുകയായിരുന്നു. ഭീകരരിൽ നിന്ന് എം-4, എ കെ -47 തോക്കുകളും സ്ഫോടക വസ്തുക്കൾ ഉൾപ്പടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ സൈനികർ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അതിർത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.സൈന്യം നടപടി കടുപ്പിച്ചതോടെ ജമ്മുകാശ്മീരിൽ പാകിസ്ഥാന്റെ സഹായത്തോടെയുള്ള ഭീകരാക്രമണവും കാര്യമായി കുറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ സംസ്ഥാനത്ത് പലയിടത്തും ഭീകരർ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതേത്തുർടന്ന് സൈന്യം വീണ്ടും നടപടി കർശനമാക്കിയിരിക്കുകയാണ്.