തൃശ്ശൂർ മാളയിൽ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോജോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത് വീട്ടിൽ പറയുമെന്ന് പറഞ്ഞതോടെ കുളത്തിൽ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നു.വ്യാഴാഴ്ച വൈകിട്ടായിരുന്നു മാള കുഴൂരിൽ നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വീടിന് സമീപത്തു നിന്ന് കാണാതായ കുട്ടിയെ പിന്നീട് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയും പ്രതിയും ഒന്നിച്ച് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതാണ് വഴിത്തിരിവായത്. സംശയം തോന്നിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സന്നഹത്തോടെയായിരുന്നു തെളിവെടുപ്പ്. എന്തിന് കൊലപ്പെടുത്തി, എങ്ങനെ കൊലപ്പെടുത്തി എന്നതെല്ലാം പ്രതി ജോജോ തന്നെ തെളിവെടുപ്പിനിടെ പൊലീസിനോട് വിശദീകരിച്ചു. 7 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി തിരികെ മടങ്ങി. കോടതിയിൽ ഹാജരാക്കിയ ജോജോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.