വിപണി ഇടപെടലിന്റെ ഭാഗമായി സബ്‌സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ (Supplyco). അഞ്ച് സബ്സിഡി ഇനങ്ങളുടെ വിലയാണ് കുറച്ചത്. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയ്ക്കാണ് വില കുറച്ചത്. നാല് മുതല്‍ പത്ത് രൂപ വരെയാകും ഓരോ ഇനങ്ങൾക്കും കുറയുക. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. അവശ്യസാധനങ്ങളുടെ വില അടിക്കടി ഉയരുന്നതിനിടയിലാണ് സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോയുടെ വിപണി ഇടപെടൽ. തുവര പരിപ്പിന്‍റെ വില 115 രൂപയില്‍ നിന്ന് 105 ആയും, ഉഴുന്നിന്‍റെ വില 95 രൂപയില്‍ നിന്നും 90 ആയും, വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും, വന്‍പയറിന്‍റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും, മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും ആണ് കുറച്ചിരിക്കുന്നത്. ഉത്സവ സീസണുകളില്‍ വിപണിവില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ വിഷു, ഈസ്‌റ്റര്‍ ഫെയറുകളും ആരംഭിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഏപ്രില്‍ 19 വരെയാണ് ഉത്സവകാല ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. പ്രതിമാസം 35 ലക്ഷത്തിലധികം ആളുകളാണ് നിലവിൽ സപ്ലൈകോ സ്ഥാപനങ്ങളുടെ ഉപഭോക്താക്കൾ.