പാലക്കാട്: തൊണ്ടി മുതലും ദൃക്സാക്ഷിയും മോഡൽ കുറ്റാന്വേഷണവുമായി ആലത്തൂരിലെ പൊലീസ്. മാല മോഷണത്തിൽ പിടികൂടിയ കള്ളന് കാവലിരിക്കേണ്ട അവസ്ഥയാണ് പൊലീസുകാരനുള്ളത്. മോഷ്ടാവ് പിടിച്ചെടുത്ത് വിഴുങ്ങിയ മാല പൊലീസിന് കണ്ടെത്തണം. ഇതിനുവേണ്ടി മോഷ്ടാവിന് വിശന്നാലും ഇല്ലെങ്കിലും നല്ലഭക്ഷണവും ഇടയ്ക്കിടെ വാഴപ്പഴവും ഒക്കെ കൊടുത്ത് കള്ളന് കാവലിരിക്കേണ്ട ഗതികേടാണ് പൊലീസിന്. ഓരോ ചെറിയ ഇടവേള കഴിയുമ്പോഴും എക്സ്‌റേയെടുത്ത് ശരീരത്തിനുള്ളിൽ മാലയുടെ സ്ഥാനമാറ്റം പൊലീസ് ഉറപ്പിക്കേണ്ടതാണ്. കൂടാതെ, ജില്ലാ ആശുപത്രിയിലെ വാർഡിൽ നിന്നും പ്രതി രക്ഷപ്പെടാതെ നോക്കണം, ഇതിന് പുറമേ, പൊലീസിന് കള്ളന്റെ വിസർജ്യം കവറിൽ ശേഖരിച്ച് മാലയുണ്ടോയെന്ന് നോക്കണം. ചുരുക്കി പറഞ്ഞാൽ കള്ളന് കാവലിരിക്കുകയാണ് രണ്ട് പൊലീസുകാർ. കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപത് മണിക്കാണ് മേലാർകോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പൻ മൂന്നുവയസ്സുകാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്തത്. ഇതു കണ്ടയുടൻ കുട്ടിയുടെ മുത്തശ്ശി ബഹളം വയ്ക്കുകയും നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടി ദേഹപരിശോധന നടത്തുകയും ചെയ്തു.