പത്തനംതിട്ട: അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുക്കാത്തതിന്റെ പേരിൽ പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എൽ. ജയകുമാരിയുടെ പരാതിയിലാണ് കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്ക്കേണ്ടത്. പത്ത് മാസം മുൻപ് നടന്ന സംഭവത്തിലാണ് കോടതി വിധി വന്നിരിക്കുന്നത്. രാത്രി ഒരു സ്ത്രീയ്ക്ക് ഉണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ വിലയിരുത്തിയാണ് പിഴ വിധിച്ചത്.1,50,000 രൂപ പിഴയും ഒപ്പം 15,000 രൂപ കോടതിച്ചെലവും കൂടി ചേർത്താണ് 1.65 ലക്ഷം അടയ്ക്കേണ്ടത്. 2024 മേയ് എട്ടിന് കാസർകോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പിൽ അധ്യാപിക പെട്രോൾ അടിക്കാൻ കയറിയത്. തുടർന്ന് അധ്യാപിക പെട്രോൾ അടിച്ച ശേഷം ശുചി മുറിയിൽ ചെന്നപ്പോൾ അവിടെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു. ഇത് കണ്ട് താക്കോൽ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരൻ മോശമായി പെരുമാറി. താക്കോൽ മാനേജരുടെ കയ്യിലാണെന്നും അദ്ദേഹം വീട്ടിൽ പോയി എന്നുമായിരുന്നു വിശദീകരണം. ഇതിനുപിന്നാലെ ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. രണ്ടുകൂട്ടരേയും വിളിച്ച് വിസ്തരിച്ച ശേഷമാണ് ഉപഭോക്തൃ കമ്മിഷന്റെ വിധി.