ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വർദ്ധിപ്പിച്ചത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. വില വർദ്ധനവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.സബ്സിഡിയുള്ളവർക്കും പൊതുവിഭാഗത്തിലുള്ള ഉപഭോക്താക്കൾക്കും വില വർദ്ധനവ് ബാധകമാണെന്നാണ് റിപ്പോർട്ടുകൾ. ‘ഉജ്ജ്വൽ യോജനയുടെ കീഴിൽ 14.2 കിലോഗ്രാം എൽപിജിയുടെ വില 500 ൽ നിന്ന് 550 ആയും അല്ലാത്തവർക്ക് 803 ൽ നിന്ന് 853 ആയും വില വർദ്ധിക്കും’ -ഹർദീപ് സിംഗ് പുരി അറിയിച്ചു.കഴിഞ്ഞയാഴ്ച വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില പൊതുമേഖല എണ്ണക്കമ്പനികൾ കുറച്ചിരുന്നു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കലോഗ്രാം പാചക വാതക സിലിണ്ടറുകളുടെ വില 41 രൂപയാണ് കുറച്ചത്.ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1790 രൂപയായി. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് ഇന്ത്യയിൽ പാചക വാതക വിലയിൽ മാറ്റം വരുത്തുന്നത്.മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ആറുരൂപ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും ഗാർഹിക ഉപഭോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.നേരത്തെ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരുന്നു. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. ഇതോടെ രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ആഗോള എണ്ണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകളും ട്രംപിന്റെ താരിഫുകളും കണക്കിലെടുത്താണ് തീരുമാനമെന്നാണ് റപ്പോർട്ട്.ഏപ്രിൽ എട്ട് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. കേന്ദ്ര സർക്കാർ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയുമായിരിക്കും എക്‌സൈസ് ഡ്യൂട്ടി. എന്നാൽ നികുതി വില കൂട്ടിയത് ചില്ലറ വിൽപനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ നികുതി കൂട്ടിയാലും ചില്ലറ വില്പനയെ ബാധിക്കാൻ ഇടയില്ല.