മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ആരോഗ്യവകുപ്പിന്റെ ബോധവല്‍ക്കരണത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വയ്ക്കുന്നു. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചെന്നപ്പോള്‍ മറഞ്ഞിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. അതിനര്‍ഥം അവബോധമില്ലായ്മ അല്ല കാരണം.അമ്മമാരെയും കുഞ്ഞുങ്ങളെയും മരണത്തിലേക്ക് തള്ളിവിടുന്നത് നരഹത്യയായി കണക്കാക്കി വരേണ്ടി വരും. വളരെ ഗൗരവകരമായ വിഷയമാണ്. പതിറ്റാണ്ടുകളായി കേരളം ആര്‍ജ്ജിച്ചെടുത്ത സാമൂഹ്യ ബോധമുണ്ട്, ആരോഗ്യമേഖലയിലെ ബോധ്യങ്ങളുണ്ട്. രാജ്യത്ത് ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 97 അമ്മമാര്‍ മരണപ്പെടുന്നുവെന്നാണ് കണക്ക്. കേരളത്തില്‍ അത് പത്തൊന്‍പതില്‍ താഴെയാണ് അത്. വളരെയേറെ കഠിനാധ്വാനത്തിന്റെ ഫലമായാണ് കുറഞ്ഞ നിരക്കിലെത്തിയത്-മന്ത്രി പറഞ്ഞു.പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ (35) ആണ് മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് പ്രസവത്തിനിടെ മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മരണം നടന്നത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. പ്രസവസമയത്ത് വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.