വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനപ്പൂർവ്വമായ നരഹത്യാകുറ്റം ചുമത്തും. മരിച്ച അസ്മയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അമിത രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. സമയത്തിന് ശുശ്രൂഷ ലഭിക്കാത്തതിനാലാണ് അസ്മ മരണപ്പെട്ടത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ യുവതിയുടെ ജീവൻരക്ഷിക്കാനാകുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. ശേഷം മൃതദേഹം അസ്മയുടെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇത്തരം സംഭവങ്ങളെ ഒറ്റകെട്ടായി എതിർക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഏറെ ഗൗരവമായ സംഭവമാണ് നടന്നിരിക്കുന്നത്. മറഞ്ഞ് നിന്നാണ് ആശാവർക്കർമ്മാരോട് യുവതി സംസാരിച്ചിരുന്നത് പോലും. ഇത്തരം കാര്യങ്ങളിൽ അവബോധമില്ലാത്തതാണ് അതിന് കാരണം. സർക്കാർ തലത്തിൽ ബോധവൽക്കരണം നടത്തുമെന്നും സംഭവങ്ങൾ മനപ്പൂർവ്വമായ നരഹത്യയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറം ചട്ടിപ്പറമ്പിൽ കഴിഞ്ഞ ഒരു വർഷമായി വാടക വീട്ടിലാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും മക്കളും കഴിഞ്ഞിരുന്നത്. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. സംഭവത്തിൽ കേസ് മലപ്പുറം പൊലീസിന് കൈമാറും. ഇന്നലെ രാത്രിയാണ് പെരുമ്പാവൂർ സ്വദേശി അസ്മ ചികിത്സ കിട്ടാതെ മരിച്ചത്. മരിച്ച വിവരം ആരെയും അറിയിക്കാതെ ഭർത്താവ് സിറാജുദ്ദീൻ മൃതദേഹം പെരുമ്പാവൂരിൽ എത്തിക്കുകയായിരുന്നു.തുടർന്ന് യുവതിയുടെ വീട്ടുകാർക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.