ഇന്ന് നവംബർ ഒന്ന്, കേരളപ്പിറവി ദിനം. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ ഇന്നത്തെ കേരളം രൂപീകരിച്ചത്. മലയാള നാടിന്‍റെ പിറന്നാൾ ഈ ദിനത്തിൽ എല്ലാവരും കേരള പിറവി ആശംസകൾ നേർന്നുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഉണ്ട്.
കേരളം എന്ന പേര് ലഭിച്ചതിനു പിന്നിൽ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും പറയപ്പെടുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. പക്ഷേ മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു.







